തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ പുറത്താക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.
17 വർഷത്തിന് ശേഷമാണ് സ്പീക്കർക്കെതിരെ കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം ഉയർന്നുവരുന്നത്. രണ്ട് മണിക്കൂർ നിശ്ചയിച്ചിരുന്ന ചർച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കർ സഭയിൽ നടത്തിയ നവീകരണത്തിൽ അഴിമതിയും ധൂർത്തും ആരോപിച്ച പ്രതിപക്ഷം സ്വർണക്കള്ളക്കടത്തിലും ഡോളർ കടത്തിലും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചു.
മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശക്തമായി സ്പീക്കറെ പിന്തുണച്ച് രംഗത്ത് വന്നു. സ്പീക്കറും ശക്തമായ രാഷ്ട്രീയ മറുപടികളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിന് നിൽക്കാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
എം ഉമ്മർ സമർപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ തെളിവോ വസ്തുതകളോ ഇല്ലെന്നും അഭ്യൂഹങ്ങൾ മാത്രമേയുള്ളൂവെന്നും വാദിച്ച് എസ് ശർമ പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രമേയം തള്ളുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. തുടർന്ന് എം ഉമ്മർ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.