സ്‌പീക്കര്‍ രഹസ്യമായി ഉപയോഗിച്ച നമ്പർ; സിം എടുത്ത് കവര്‍ പൊട്ടിക്കാതെ കൈമാറിയ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

മലപ്പുറം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നാസ് അബ്‌ദുളളയെ ആണ് ചോദ്യം ചെയ്യുന്നത്. നാസിന്റെ പേരിലുളള സിം ആണ് സ്‌പീക്കര്‍ ഉപയോഗിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി നാസര്‍ ഇന്ന് രാവിലെ പത്തരയ്‌ക്കാണ് കസ്റ്റംസിന് മുന്നില്‍ ഹാജരായത്. മസ്ക്കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും ചോദ്യം ചെയ്യുന്നുണ്ട്.

നാസ് അബ്‌ദുളള 62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസ് പുറത്തായതു മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല.

സ്പീക്കർ രഹസ്യമായി സിം കാർഡ് ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസ് വന്ന ജൂലൈ മുതൽ ഈ സിം കാർഡ് സ്വിച്ച് ഓഫ്‌ ആണ്. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ആണ് സുഹൃത്തിനെ വിളിപ്പിച്ചത്. അതേസമയം, സ്പീക്കർക്ക് എതിരായ പ്രമോയം സഭ ചർച്ച ചെയ്യുകയാണ്.

മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഇവരുടെ അടുത്ത സൗഹൃദ വലയത്തില്‍ ഉളള ആളാണ് നാസ് അബ്‌ദുളള എന്ന നാസര്‍. വിദേശത്തായിരുന്ന ഇയാള്‍ നാല് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

ശിവശങ്കറും സ്വപ്‌നയും മസ്ക്കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജ് സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നക്ക് ഈ കോളേജിൽ ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടിരുന്നു എന്നാണ് വിവരം.

അതേസമയം, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നൽകിയത്.

കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കർ നിലവിൽ റിമാൻഡിലാണ്.