വിഷപ്പുക ശ്വസിച്ച് പ്രിയപ്പെട്ടവർ മരിച്ചിട്ട് ഒരുവർഷം; നീതിയും നഷ്ടപരിഹാരവുമില്ലാതെ നിസഹായനായി എട്ടുവയസ്സുകാരൻ

കോഴിക്കോട്: ഓർക്കാപ്പുറത്ത് അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും നഷ്ടമായ ഈ എട്ടുവയസ്സുകാരന് ആ ദുരന്തം നടന്ന് ഒരുവർഷമാവുമ്പോഴും നീതിയും നഷ്ടപരിഹാരവുമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമെല്ലാം പരാതിനൽകി ബന്ധുക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാവാറായി.

കഴിഞ്ഞ ജനുവരി 21-നാണ് നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെ ഹീറ്ററിൽനിന്ന് വിഷപ്പുക ശ്വസിച്ച് മാധവിന്റെ അച്ഛനമ്മമാരായ കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറും ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുകാരനായ അനുജൻ വൈഷ്ണവ് രഞ്ജിത്തും മരിച്ചത്.

റിസോർട്ടുകാരുടെ അനാസ്ഥയാണ് മാധവിന്റെ പ്രിയപ്പെട്ടവരടക്കം എട്ടുപേരുടെ ദാരുണമരണത്തിലേക്ക് വഴിവെച്ചത്. പക്ഷേ, ലഭിക്കേണ്ട ഇൻഷുറൻസ് തുകപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാത്രമല്ല റിസോർട്ടുകാർക്കെതിരായ കേസിൽ പോലീസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്നോ കേസ് തള്ളിപ്പോയെന്നോ വ്യക്തതയില്ല. പുറത്ത് ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റർ റിസോർട്ടുകാർ മുറിക്കകത്ത് വെച്ചതുകൊണ്ടാണ് വിഷവാതകം ചോർന്നത്.

പക്ഷേ, മരണത്തിന് ആരും കാരണക്കാരെല്ലെന്നാണ് നേപ്പാളിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നത്. എഫ്ഐആർ ലഭിക്കാത്തതിനാൽ എങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നറിയില്ല. എഫ്ഐആറിന് നേപ്പാളിൽ നേരിട്ട് ചെല്ലണമെന്നാണ് അവിടത്തെ പോലീസ് പറയുന്നതെന്ന് ഇന്ദുലക്ഷ്മിയുടെ അച്ഛൻ കെ. പീതാംബരൻ നായർ പറയുന്നു.

നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലുണ്ടായാലേ നഷ്ടപരിഹാരത്തുക ലഭിക്കുകയുള്ളൂ. പക്ഷേ, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിൽ ഒതുങ്ങി എംബസിയുടെ ഇടപെടൽ. കഴിഞ്ഞവർഷം ഫെബ്രുവരിയിൽതന്നെ എല്ലാവർക്കും പരാതികൾ കൊടുത്തിരുന്നു.

പ്രധാനമന്ത്രിക്ക് ഒരുമാസംമുമ്പ് അവസാനമായി ഇ-മെയിലിലും അയച്ചു. വിദേശകാര്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എട്ടു മലയാളികൾ മരിച്ചിട്ടും ഒരിടപെടലുമുണ്ടായില്ലെന്നതാണ് എല്ലാവരെയും സങ്കടപ്പെടുത്തുന്നത്.

മൊകവൂരിൽ മുത്തച്ഛൻ പീതാംബരന്റെയും മുത്തശ്ശി രാഗലതയുടെയും സ്നേഹത്തണലിലാണ് മാധവ് ഇപ്പോൾ. അമ്മയില്ലെങ്കിലും സ്നേഹസാന്നിധ്യമായി അമ്മയുടെ സഹോദരി ചിത്രലക്ഷ്മിയാണ് പഠനമുൾപ്പെടെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്.

കാക്കൂരിലെ ഭർത്താവിന്റെ വീട്ടിൽപ്പോലും പോവാതെ ഒരു വർഷമായി മാധവിനൊപ്പമുണ്ടവർ. മാധവിന്റെ അച്ഛന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയുമുണ്ട്. എഴുപത് പിന്നിട്ട പീതാംബരന്റെ പെൻഷൻകൊണ്ടാണ് മാധവിന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നതും കുടുംബം പുലർത്തുന്നതും. പക്ഷേ, തനിക്കുശേഷം മാധവിന്റെ ഭാവി ഭദ്രമാവാൻ എന്തെങ്കിലും കരുതൽവേണ്ടേ എന്നാണ് പീതാംബരൻ ചോദിക്കുന്നത്.

കൊച്ചി ഇൻഫോപാർക്കിൽ ടിസിഎസിലാണ് രഞ്ജിത്ത് ജോലിചെയ്തിരുന്നത്. ഇന്ദുലക്ഷ്മി കാരന്നൂർ സർവീസ് സഹകരണ ബാങ്കിലും. രഞ്ജിത്തും സുഹൃത്തുക്കളും നേപ്പാളിൽ വിനോദയാത്രപോയതായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ വീട്ടിലേക്ക് മാറാനിരുന്നപ്പോഴാണ് ദുരന്തമുണ്ടായത്. ഈ ഫെബ്രുവരിയോടെ അവിടേക്ക് മാറും. അച്ഛനുമമ്മയും ഒപ്പമില്ലെങ്കിലും മാധവ് അലങ്കരിച്ച അവരുടെ ചിത്രങ്ങളാണ് പുതിയ വീടുനിറയെ.