തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജി വിമർശനം മുൻനിർത്തി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ധനമന്ത്രി തോമസ് ഐസകിനെതിരെ കടുത്ത വിമർശനം. സിഎജി കിഫ്ബിയെ വിമർശിച്ചെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണ്. പ്രതികൂട്ടിൽ നിൽക്കേണ്ട ധനമന്ത്രി സിഎജിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്ന് വിഡി സതീശൻ എംഎൽഎ. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൂട്ടത്തിൽ സിഎജിയെ കൂടി കൂട്ടിയാണ് സർക്കാർ വിമർശനം ഉന്നയിക്കുന്നത്.
വിദേശത്ത് നിന്നുള്ള കടമെടുപ്പിനെയാണ് വിമർശിച്ചത്. ഭരണഘടനാപരമായ പരിശോധനക്ക് സിഎജിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും വായ്പ എടുക്കാൻ ആകില്ല. ഭരണ ഘടന ലംഘിച്ചാണ് കിഫ്ബി വായ്പയെടുത്തത്. സർക്കാരിനെ സിഎജി അറിയിച്ചില്ലെന്ന ഐസകിന്റെ വാദം തെറ്റാണ്. സിഎജി റിപ്പോർട്ടിൽ തന്നെ കിഫ്ബിയുടെ വിശദീകരണം ഉണ്ട്. സിഎജിയും ധനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ എക്സിറ്റ് യോഗം ചേർന്നിട്ടുണ്ട്. യോഗത്തിന്റ റിപ്പോർട്ട് സിഎജി ധന വകുപ്പിന് അയച്ചിട്ടുണ്ട്. എന്നിട്ട് ധനമന്ത്രി കള്ളം പറയുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത് കേന്ദ്രത്തിലെ മോദി സർക്കാരും സിഎജിയും ചേർന്ന് പിണറായി സർക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയല്ല. കേന്ദ്ര സർക്കാർ ബജറ്റിന് പുറത്തു വായ്പ എടുക്കുന്നതിനെതിരെ സിഎജി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കേന്ദ്ര ധനമന്ത്രി റിപ്പോർട്ട് ചോർത്തി വാർത്ത സമ്മേളനം നടത്തിയില്ല. തെറ്റിന് മറ ഇടാൻ വേണ്ടി സിഎജിയെ മോശക്കാരാക്കുകയാണ്.
മസാല ബോണ്ടിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചെന്നാണ് ധനമന്ത്രി ആദ്യം പറഞ്ഞത്. ആർബിഐ അനുമതിയെ ധനമന്ത്രി തെറ്റായി വ്യഖ്യാനിച്ചു. മസാല ബോണ്ടിനെ മുൻ ചീഫ് സെക്രട്ടറിയും ധനവകുപ്പ് സെക്രട്ടറിയും എതിർത്തു. സിഎജിയെ റിപ്പോർട്ട് വിവാദമാകുമെന്ന് അറിഞ്ഞാണ് ധനമന്ത്രി ചോർത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു.