സിഎജി നിയമസഭയോട് അനാദരവ് കാണിച്ചെന്ന് ധനമന്ത്രി; അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശൻ എംഎൽഎയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചർച്ച രണ്ടുവരെ തുടർന്നു.

സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്‌ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. അടിയന്തിര പ്രമേയം ഇതോടെ തള്ളി.

ഭരണഘടന പറഞ്ഞു പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകവേ എം സ്വരാജ് പറഞ്ഞത്. ഭരണഘടനാ ആർട്ടിക്കിൾ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ഇത് കിഫ്ബിക്ക് ബാധകമല്ല. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ യുഡിഎഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാൻ വന്നവർ കണക്ക് പരിശോധിച്ച് പോയ്ക്കോളണം. സിഎജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നിൽക്കുകയാണ് യുഡിഎഫെന്ന് അദ്ദേഹം പറഞ്ഞു.

സ്വരാജിന്റേത് മൈതാന പ്രസംഗമെന്ന് വിടി ബൽറാം വിമർശിച്ചു. കിഫ്‌ബിയെ എതിർക്കുമ്പോൾ വികസന വിരോധികളെന്ന് വിളിക്കുന്നു. കിഫ്‌ബി ഭരണഘടന പ്രകാരം സ്റ്റേറ്റ് എന്ന പരിധിയിൽ വരും. വിദേശ വായ്പ എടുക്കുന്നതിലെ ഭരണഘടനാ വ്യവസ്ഥ കിഫ്‌ബിക്കും ബാധകമാകും. മസാല ബോണ്ട്‌ ആരൊക്കെ വാങ്ങിയെന്ന കണക്കുപോലും സർക്കാരിനില്ല.