നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങും. ചര്‍ച്ചകള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ അടുത്ത മാസം ആദ്യം കേരളത്തിലെത്തുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ സൂചിപ്പിച്ചു.

ഇവരുടെ സന്ദര്‍ശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. ഏപ്രില്‍ പകുതിക്ക് മുമ്പായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. രണ്ടുഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക എന്നും ടിക്കാറാം മീണ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വിശേഷദിവസങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന്‍ ഏപ്രില്‍ പരിഗണിക്കുന്നത്. റമദാന്‍ വ്രതാരംഭം ഏപ്രില്‍ 15 ന് തുടങ്ങും. ഇതു കണക്കിലെടുത്ത് 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. മാര്‍ച്ച് മാസം എസ്എസ്എല്‍സി- ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മെയ് മാസത്തില്‍ സിബിഎസ്ഇ പരീക്ഷകളും നടക്കുന്നതും പരിഗണിച്ചാണ് ഏപ്രില്‍ പരിഗണിക്കുന്നത്.