പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കാനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. റെയിൽവേ എസ്പിയായ ആർ.നിശാന്തിനിയുടെ മേൽനോട്ടത്തിലുള്ള സംഘത്തിൽ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്.രാജുവും കോഴിക്കോട് ഡിസിപി ഹേമലതയുമുണ്ട്.
കേസിലെ പ്രതികളെ വെറുതേവിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പുനരന്വേഷണം ആവശ്യമെങ്കിൽ സർക്കാരിന് വിചാരണ കോടതിയിൽ അപേക്ഷ നൽകാമെന്ന് നിർദേശിച്ചിരുന്നു. അതിന്റെ ഭാഗമായി പുനരന്വേഷണം സിബിഐക്ക് വിടാനും സർക്കാർ തീരുമാനിച്ചതാണ്.
എന്നാൽ പുനരന്വേഷണ അനുമതി നേടുന്നതും സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെയുള്ള നടപടികൾ പൂർത്തിയാക്കുകയുമാണ് പുതിയ സംഘത്തിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി നാളെ പോക്സോ കോടതിയിൽ പുനരന്വേഷണത്തിന് അപേക്ഷ നൽകുമെന്ന് എസ്പി നിശാന്തിനി അറിയിച്ചു.