കല്‍പ്പറ്റ: വീരപഴശ്ശിയുടെ ഓര്‍മ്മകളുറങ്ങുന്ന മാനന്തവാടി നഗരത്തിലെ ‘പഴശ്ശി പാര്‍ക്ക്’ പുതുമോടിയിൽ. വിനോദ സഞ്ചാര മേഖലയില്‍ കൊറോണ സൃഷ്ടിച്ച ആശങ്കകള്‍ പതുക്കയെങ്കിലും അവസാനിച്ചു തുടങ്ങുമ്പോള്‍ വയനാട്ടിലേക്കെത്തുന്ന യാത്രികരില്‍ നല്ലൊരു പങ്കും പഴശ്ശിരാജയുടെ സ്മൃതികൂടീരത്തിലെത്തും. ഒപ്പം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന പാര്‍ക്കിലുമെത്തുന്നു.
ജില്ലയിലെ ആദ്യ ഉദ്യാനമായ പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഒആർകേളു എംഎൽഎ ഫണ്ടായി 25 ലക്ഷം രൂപയും പാര്‍ക്കില്‍ ചെലവഴിച്ചു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടക്കുന്നത്.
കുട്ടികള്‍ക്കായുള്ള അമ്യൂസ്മെന്റ് പാര്‍ക്കും ബോട്ടിങ്ങുമെല്ലാം ഏവരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിച്ചിട്ടുണ്ട്. കബനി നദിയുടെ തീരത്ത് 1994 ലാണ് പഴശ്ശി പാര്‍ക്ക് ആരംഭിച്ചത്. 1982 ല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ നഴ്സറിയായിരുന്ന അഞ്ചേക്കറോളം വിസ്തൃതിയുള്ള പാര്‍ക്ക് 1994 മുതലാണ് ജില്ലാ ടൂറിസം വകുപ്പ് എറ്റെടുത്തത്.
മാനന്തവാടി-കല്‍പ്പറ്റ പ്രധാന പാതയോരത്തുള്ള പാര്‍ക്ക് അക്കാലം മുതലെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. കാലത്തിനനുസരിച്ചല്ലാത്ത വികസന പ്രവൃത്തികള്‍ പലവട്ടം പാര്‍ക്കില്‍ നടന്നിരുന്നുവെങ്കിലും ആകര്‍ഷണീയമല്ലായിരുന്നു.
വെള്ളച്ചാട്ടം, കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കുകള്‍ എന്നിവയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. സംസ്ഥാന ഹൈവേ കടന്നു പോകുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രണ്ട് യൂണിറ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനും സജ്ജീകരിക്കുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം.