പൊലീസ് കാന്റീനില്‍ 55 ലക്ഷത്തിന്റെ അഴിമതി; റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: അടൂര്‍ ബറ്റാലിയനിലെ പൊലീസിന്റെ സബ്സീഡിയറി കാന്റീനില്‍ അരക്കോടിയോളം രൂപയുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മറ്റ് കന്റീനുകളിലും അഴിമതിക്ക് സാധ്യതയെന്നും പരിശോധന വേണമെന്നും എസ്പി ജയനാഥ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അഴിമതിയെ കുറിച്ച് ഡിജിപിക്ക് രണ്ട് മാസം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ നടപടിയൊന്നുമുണ്ടായില്ല, സംസ്ഥാനവ്യാപകമായി സ്വതന്ത്ര ഓഡിറ്റിങ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിലെ നിലവിലെ കന്റീന്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്നും നിര്‍ദേശമുണ്ട്. ഈ റിപ്പോര്‍ട്ട് നല്‍കിയ അന്ന് തന്നെയാണ് ജയനാഥിനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി പ്രഖ്യാപിച്ചത്.

കെഎപി മൂന്നാം ബറ്റാലിയന്‍ കമണ്ടാന്റായ ജെ ജയനാഥ് അവിടത്തെ കന്റീനില്‍ കണ്ടെത്തിയ പ്രധാന അഴിമതിയും ക്രമക്കേടും ഇവയാണ്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരം 42 ലക്ഷത്തി 29നായിരം രൂപയുെട വിറ്റുപോകാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടി. 11 ലക്ഷത്തി മുപ്പത്തിമൂവായിരും രൂപയുടെ സാധനങ്ങള്‍ സ്റ്റോക്കില്‍ കാണുന്നില്ല. രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരം രൂപയുടെ കണക്കില്‍പെടാത്ത വസ്തുക്കള്‍ കണ്ടെത്തി.

ഈ അഴിമതിയെ കുറിച്ച് ഡിജിപിക്ക് രണ്ട് മാസം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ നടപടിയൊന്നുമുണ്ടായില്ലന്നും ജയനാഥ് കുറ്റപ്പെടുത്തുന്നു. ഇതേ അഴിമതി സംസ്ഥാനവ്യാപകമായുണ്ടാവാമെന്നും കണ്ടെത്താന്‍ സ്വതന്ത്ര ഓഡിറ്റിങ് നടത്തണമെന്നും ശുപാര്‍ശയുണ്ട്. പൊലീസിലെ നിലവിലെ കന്റീന്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്നതടക്കം ഒട്ടേറെ നിര്‍ദേശങ്ങളും അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

ജനുവരി നാലിനാണ് അഴിമതി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്. അന്ന് വൈകിട്ട് തന്നെ ജയനാഥിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജയനാഥിന് അച്ചടക്കമില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്കൊരുങ്ങുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒന്നും ചെയ്തിട്ടുമില്ല.