‘പ്രശ്‌നമുണ്ടാക്കുന്നത് വെറും അഞ്ചുശതമാനം ജീവനക്കാർ’; ജീവനക്കാരെ മൊത്തത്തിൽ ആക്ഷേപിച്ചില്ലെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാരെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. ഒരുവിഭാഗം ജീവനക്കാർ മാത്രം കുഴപ്പക്കാരാണെന്നാണ് താൻ പറഞ്ഞത്. അവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അതിനുള്ള ആർജവം തനിക്കുണ്ടെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രശ്‌നമുണ്ടാക്കുന്നത് വെറും 5 ശതമാനം ജീവനക്കാർ മാത്രമാണ്. ഇവർക്ക് ഒരു യൂണിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂണിയൻ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. യൂണിയനുകൾ നൽകിയ നിർദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താൻ കെഎസ്ആർടിസിയിൽ നടപ്പാക്കിയതെന്നും ബിജു പ്രഭാകർ പറഞ്ഞു.

“ഒരുവിഭാഗം ജീവനക്കാർക്ക് ഇതൊരു നേരംപോക്ക് മാത്രമാണ്. അവർക്ക് മറ്റ് പല ജോലികളുണ്ട്. കഴിവില്ലാത്ത ഒരുവിഭാഗം ഉയർന്ന ഉദ്യോഗസ്ഥരാണ് പ്രശ്‌നം. കൂട്ടായ പ്രയത്‌നം കെഎസ്ആർടിസിയിൽ ഇല്ല. എല്ലാ അഴിമതിയും ഇല്ലാതാക്കാമെന്ന് താൻ കരുതുന്നില്ല. പുതിയ സംവിധാനം ഏർപ്പെടുത്തി അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് തന്റെ ജോലി”. കെഎസ്ആർടിസി നന്നാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുമെന്നും എംഡി വ്യക്തമാക്കി.

കൃത്യമായ ഒരു സംവിധാനമില്ലാത്തതാണ് കെഎസ്ആർടിസിയുടെ പ്രശ്‌നം. ആഭ്യന്തര അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്താൻ കഴിയില്ല. ഇതിന് ഒരു സംവിധാനം വേണം. ഡീസൽ മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാണ്‌. മിക്ക ബസ്സുകളിലും ഓഡോമീറ്റർ പ്രവർത്തിക്കുന്നില്ല. ചില ഡ്രൈവർമാർ എസിയിട്ട് ബസിൽ കിടന്നുറങ്ങുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് കാര്യക്ഷമമാകണം. പല നിർമാണ പ്രവൃത്തികളിലും പിടിപ്പുകേടുണ്ട്. തനിക്കെതിരേ പ്രതിഷേധം ഉയർന്നത് തെറ്റിദ്ധാരണ മൂലമാണ്. തുറന്നടിക്കേണ്ട കാര്യമുള്ളതിനാലാണ് വാർത്താസമ്മേളനം നടത്തിയത്. കെഎസ്ആർടിസിയെ സംബന്ധിച്ച കാര്യങ്ങൾ പറയേണ്ടത് എംഡിയായ
താൻ തന്നെയാണ്. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ മുഖേന ജനങ്ങൾ അറിയണമെന്നും ബിജു പ്രഭാകർ വിശദീകരിച്ചു.