ജയിൽ വകുപ്പിന്റെ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ തടവുകാരൻ മർദ്ദനമേറ്റ് മരിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ചില്ല

തൃശൂർ: ജയിൽ വകുപ്പിന്റെ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ തടവുകാരൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചില്ല. കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം കല്ലറ പുത്തൻപള്ളിമുക്ക് സ്വദേശി പള്ളിക്കുന്നേൽ ഷമീർ (32) മരിച്ച സംഭവത്തിൽ ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എം.എസ്. അരുൺ, സുഭാഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ടി.വി. വിവേക്, എം.ആർ. രമേഷ്, പ്രതീഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അതുൽ എന്നിവരാണ് പ്രതികൾ. ഇവർ ആറു പേരും റിമാൻഡിലാണ്.

റിമാൻഡിലിരിക്കെ ജയിൽ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇവരുടെ മർദ്ദനത്തെ തുടർന്നാണ് ഷമീർ മരിച്ചതെന്നാണ് പൊലീസിന്റെയും കണ്ടെത്തൽ. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.എസ്. അരുണാണ് മുഖ്യപ്രതി. ഇയാളുടെ നേതൃത്വത്തിലാണ് മരിച്ച ഷമീറിനെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇതുപ്രകാരമുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചനകൾ.

ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊവിഡ് സെന്ററിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലായ ജില്ലാ ജയിൽ സൂപ്രണ്ട് സസ്‌പെൻഷൻ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് ജയിൽ ഡി.ജി.പിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

ശരീരത്തിൽ നാൽപതിലേറെ മുറിവുകളും തലയ്ക്ക് ക്ഷതം ഏറ്റിരുന്നതായും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. കഞ്ചാവ് കേസിൽ സെപ്തംബർ 29നാണ് തൃശൂരിലെ ശക്തൻ നഗറിൽ വച്ച് ഷമീറിനെയും ഭാര്യ സുമയ്യയെയും മറ്റു രണ്ട് പേരെയും കാറിൽ കഞ്ചാവുമായി പിടികൂടിയത്. ഒക്ടോബർ ഒന്നിനാണ് ഷമീർ മരിച്ചത്.