തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന അവസാന ബജറ്റിൽ ക്ഷേമപദ്ധതികൾക്ക് ആവോളം പ്രാധാന്യം നൽകി ധനമന്ത്രി തോമസ് ഐസക്ക്. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ 1600 രൂപയാക്കുമെന്നും 2021-22ൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
അഞ്ചുവർഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സർക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു. വിവിധ കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്.
കെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, 14 ജില്ലാ പോപ്പുകൾ (POP) അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകൾ എന്നിവ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും. കെ-ഫോൺ പദ്ധതിയിൽ ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകളിൽ അതിവേഗ ഇൻട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെർ സെക്കന്റ് മുതൽ 1 ജി.ബി പെർ സെക്കന്റ് വരെയായിരിക്കും ഇന്റർനെറ്റിന്റെ വേഗത.
കേരളത്തിലെ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കേരളത്തിലെ എല്ലാ സേവന ദാതാക്കൾക്കും കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കിൽ മികച്ച ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങൾ, ടൂറിസം ഉൾപ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകൾ, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ കെ-ഫോൺ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു