തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പിൻവാതിൽ നിയമനം ഹൈക്കോടതി തടഞ്ഞിട്ടും കേരള സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചു് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന കേരള സിൻഡിക്കേറ്റ് യോഗം റിപ്പോർട്ട് നൽകാൻ സ്റ്റാഫ് സ്ഥിരം സമിതി കൺവീനർ അധ്യക്ഷനായ ഉപസമിതിയെ ചുമതലപ്പെടുത്തി.
സിൻഡിക്കേറ്റ് അജണ്ടയിൽ മുൻകൂട്ടി ഉൾക്കൊള്ളി ക്കാതെയാണ് വിഷയം യോഗം ചർച്ച ചെയ്തത്. കോഴിക്കോട് സർവകലാശാലയിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെ ചുവടുപിടിച്ചാണ് കേരള യിലും സ്ഥിരപ്പെടുത്തൽ നടപടികൾ ആരംഭിച്ചിട്ടുള്ളത്.10 വർഷമായി ദിവസ വേതനത്തിലും കരാർ അടിസ്ഥാനത്തിലും ജോലി നോക്കുന്ന നൂറോളം ജീവനക്കാരാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സിപിഎം ലും, സിൻഡിക്കേറ്റിലും സമ്മർദ്ദം ചെലുത്തിയിരിക്കുന്നത്.
ഡ്രൈവർമാർ,സെക്യൂരിറ്റി ജീവനക്കാർ,കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവർ സ്ഥിരപ്പെടുത്തൽകാരുടെ കൂട്ടത്തിൽ പെടും. ഈ തസ്തികകൾക്ക് പി എസ് സി യുടെ വിശേഷാൽ നിയമം നടപ്പാക്കിയിട്ടും സർവ്വകലാശാല ഒഴിവുകൾ പി എസ് സി യിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് പി എസ് സി ഈ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുകയാണ്.
കാലിക്കറ്റ് സർവകലാശാല താ ൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞിരിക്കുകയാണ്. എന്നാൽ മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് കേരള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് വിശദീകരണം.