വോട്ടിൽ കണ്ണുംനട്ട് തെരഞ്ഞെടുപ്പ് ബജറ്റ്; കാര്‍ഷിക മേഖലയില്‍ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍; കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി

തിരുവനന്തപുരം: അധികാരത്തിൽ തുടരാൻ ലക്ഷ്യം വച്ചുള്ള ക്ഷേമപദ്ധതികളിലൂന്നി സംസ്ഥാന ബജറ്റ്. കാർഷിക മേഖലയിൽ രണ്ടുലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തരിശു രഹിത കേരളമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി.

ഒരു പൂ ഇരുപൂവാക്കുന്നതിനും തുടർ വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ രൂപീകരിക്കും. കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളിൽ നിന്ന് മൂന്നുലക്ഷം സ്ത്രീകൾ പണിയെടുക്കുന്നു. 21-22 വർഷത്തിൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും. പലിശ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.

കർഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവർഷാനുകൂല്യം നൽകുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിനായി നൂറുകോടി രൂപ കൂടി അനുവദിക്കും. മാർച്ച് മാസത്തിനുളളിൽ വിതരണം ചെയ്യും.

കാർഷികേതര മേഖലയിൽ മൂന്നുലക്ഷം പേർക്കും തൊഴിൽ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്കുള്ള ഓണറേറിയത്തിൽ വർധന. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്കുള്ള ഓണറേറിയം 1000 രൂപ അധികമായി അനുവദിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കും. വികസനഫണ്ട് 25 ൽ നിന്ന് 26 % ആയി ഉയർത്തും
ലക്ഷം ഗവണ്മെന്റ് സ്ഥാപനങ്ങൾ ഇൻട്രാ നെറ്റ് വഴി ബന്ധിപ്പിക്കും. സേവനങ്ങൾ വേഗത്തിലാക്കും.

വനിതകൾക്ക് ജോലി നൽകാൻ ബൃഹത് പദ്ധതി. ജോലിക്കുള്ള ഉപകരണങ്ങൾ വാങ്ങാൻ വായ്പ. വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പാക്കും. വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി രൂപ എന്നിങ്ങനെയാണ് മറ്റു പദ്ധതികൾ.