‘ഞാനൊരു പ്രത്യേക ജനുസ്; പിആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പിടി തോമസിന്റെ അടിയന്തര പ്രമേയ നോട്ടീസ് ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാൽ അധോലോക നായകനാകില്ലെന്നും പറഞ്ഞു.

തന്റെ വീട്ടിൽ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് എത്തിയിരുന്നില്ലെന്നും ബന്ധുക്കളിൽ ആരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ജയിൽ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ല് ഒടിക്കാൻ ശ്രമിച്ചുവെന്ന് അടിയന്തരാവസ്ഥക്കാലം ഓർമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇന്നും ആ നട്ടെന്ന് നിവർത്തിതന്നെ നിൽക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു.

തന്റെ കൈകളും വാക്കുകളും ശുദ്ധമാണ്. തന്നെ കേസിൽ കുടുക്കാൻ നേരത്തെ പലരും ശ്രമിച്ചു. അന്നൊന്നും നടന്നിട്ടില്ലെന്നും കോടതി അത് വലിച്ചെറിയുകയായിരന്നുവെന്നും ലാവ്ലിൻ കേസിനെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും വലവീശാൻ കേന്ദ്ര ഏജൻസികൾ നോക്കിയെന്നും വലിയ വലയിൽ പരൽമീൻ പോലും കുടുങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ യുഎപിഎ കേസിൽ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അതൊരു മോഹമായി തന്നെ അവശേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിആർ ഏജൻസികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാൽ താൻ അധോലോക നായകനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.