തിരുവനന്തപുരം: ജയിലിലെ മദ്യപാനം കണ്ടുപിടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോമിന് മർദ്ദനമേറ്റതെന്ന് സൂചന. പേരയ്ക്ക ഫ്ലേവറുള്ള മദ്യം കഴിച്ചതാരെന്നു കണ്ടെത്തിയെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമത്തിനൊടുവിൽ തെറിച്ചതു പൂജപ്പുര സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥർ. പുറത്തുനിന്നു മദ്യം കൊണ്ടുവന്നു ജയിലിനുള്ളിൽ വച്ചു കഴിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.
മദ്യപാനത്തെക്കുറിച്ച് ഒരു തടവുകാരനാണു ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതത്രേ. ടിറ്റുവും മറ്റു മൂന്നു പേരും രഹസ്യമായി മദ്യപിച്ചുവെന്നും ഇവർ നടന്നുപോയപ്പോൾ എതിരെ പോയ തടവുകാരനു പേരയ്ക്കയുടെ മണം കിട്ടിയെന്നുമാണ് പറയുന്നത്. തടവുകാർക്ക് എവിടുന്നാണു പേരയ്ക്കയെന്ന ചോദ്യവുമായി അയാൾ ആലോചിച്ചപ്പോൾ ‘അതു മദ്യം തന്നെയെന്ന് കണ്ടെത്തിയത്രേ. ബെക്കാഡി ഗുആവ!’
വിവരം ലഭിച്ച ഉദ്യോഗസ്ഥർ ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നുവത്രേ.
ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം നാലു പേരും പ്രതികരിച്ചില്ലെന്നാണ് പറയുന്നത്. തെളിയിക്കാനുള്ള മുറകൾ പ്രയോഗിച്ചെങ്കിലും സംഘം പിടിച്ചുനിന്നു. ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ഇതാണ് വെളിപ്പെടുത്താതെ പിടിച്ചുനിൽക്കാൻ കാരണത്രേ.ടിറ്റുവിനു മർദനമേറ്റെന്നു സഹതടവുകാരൻ വീട്ടിൽ അറിയിച്ചെന്നും അതല്ല ടിറ്റു ജെറോം തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്.
ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാക്കൾ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷമായി കാണാൻ അനുവദിക്കുന്നില്ലെന്നും കഴിഞ്ഞയാഴ്ച മകനെ കാണുന്നതിനായി അഞ്ചു തവണ ജയിലിൽ എത്തിയെങ്കിലും സന്ദർശനം നിഷേധിച്ചുവെന്നുമുള്ള ഹേബിയസ് കോർപസ് ഹർജി പരിഗണനയ്ക്കിരിക്കെയാണ് ജയിലിലെ മർദനത്തെക്കുറിച്ച് ഫോൺ വിളി എത്തുന്നത്. അതുകൂടി കോടതിയെ ധരിപ്പിച്ചതോടെ ഇടപെടൽ വേഗത്തിലായി.
തിരുവനന്തപുരം ജില്ലാ ജഡ്ജിയോടു നേരിട്ട് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ടിറ്റു ജെറോമിനു മർദനമേറ്റെന്നായിരുന്നു ജില്ലാ ജഡ്ജിയുടെ കണ്ടെത്തൽ. അതോടെയാണ് ഡപ്യുട്ടി പ്രിസൺ ഓഫിസർമാരായ ബിജു കുമാർ, ബിജു കുമാർ, അസിസ്റ്റന്റ് പ്രിസൻ ഓഫിസർ സനൽ എന്നിവരെ മാറ്റിയത്.