തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; വ്യാഴാഴ്ച ശബരിമലയിലെത്തും

പത്തനംതിട്ട: ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. രാവിലെ 11.45 ഓടെയാണ് ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിൽ നിന്ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചത്. തുടർന്ന് ആചാരപ്രകാരം പൂജകൾ പൂർത്തിയാക്കി തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റി.

ഉച്ചപൂജകക്ക് ശേഷം ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ട് പറന്ന് യാത്രാ അനുമതി നൽകിയതോടെ മറ്റ് ചടങ്ങുകൾ പൂർത്തിയാക്കി. കൊട്ടാരം കുടുംബാംഗങ്ങൾ പ്രദക്ഷിണമായി എത്തി പേടകം എടുത്ത് കിഴക്കെ നടയിലെത്തിച്ചു. ഒരു മണിയോടെ തിരുവാഭരണങ്ങൾ ഗുരുസ്വാമി ചുമലിലേറ്റിയതോടെ യാത്ര ആരംഭിച്ചു.

രാജപ്രതിനിധി പങ്കെടുക്കാത്തതിനാൽ പൂജിച്ച ഉടവാൾ കൈമാറുന്ന അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. കൊറോണ പശ്ചാത്തലത്തിൽ ഭക്തരുടെ തിരക്ക് നിയന്ത്രിച്ചായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്. ഈ മാസം 14 നാണ് മകരവിളക്ക്.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്രയുടെ ചടങ്ങുകൾ നടന്നത്. കൊറോണ നിയന്ത്രണങ്ങളും രാജപ്രതിതിനിധിയുടെ അസാന്നിധ്യവും നിഴലിച്ചിരുന്നെങ്കിലും വലിയ കോയിക്കൽ ക്ഷേത്ര മൈതാനം ഭക്തി സാന്ദ്രമായിരുന്നു.

ഘോഷയാത്രയുടെ ആദ്യ ദിവസമായ ഇന്ന് അയിരൂർ പുതിയ കാവ് ക്ഷേത്രത്തിൽ വിശ്രമിക്കുന്ന സംഘം രണ്ടാം ദിവസം വിവധ ക്ഷേത്രങ്ങളിലൂടെയും മൂന്നാം ദിവസം കാനനപാതയിലൂടെയും സഞ്ചരിച്ചാണ് ശബരിമലയിലെത്തുക. മകരസക്രമ ദിവസമായ വ്യാഴാചയാണ് മകരവിളക്ക് മഹോത്സവവും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും.