തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദേശം സമർപ്പിക്കും. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് മരിച്ച പെൺകുട്ടികളുടെ കുടുംബം നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സർക്കാർ നടപടി. വാളയാർ കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.