രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ; ഇടതുമുന്നണിയില്‍ ധാരണയായി

കോട്ടയം: ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭ സിപിഎമ്മിനെന്നായിരുന്നു.

എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റെന്ന നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്. അവര്‍ കൊണ്ടുവന്ന സീറ്റ് അവര്‍ക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എംവി ശ്രയാംസ് കുമാറിന് സീറ്റു കൊടുക്കുകയും കേരള കോണ്‍ഗ്രസിന്റെ സീറ്റ് സിപിഎം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്ന് സിപിഐ മുന്നണി നേതൃത്വത്തോട് വ്യക്തമാക്കി. രാജ്യസഭ ജോസ് കെ മാണിക്ക് നല്‍കുന്നതിനോട് എന്‍ സിപിക്കും വിജോയിപ്പില്ല. മറ്റു ഘടകക്ഷികളും സിപിഎം സീറ്റ് എറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.

ജോസ് കെ മാണിയുടെ മുന്നണിയിലേക്ക് എത്തിയ സമയത്ത് സാഹചര്യമല്ല ഇപ്പോഴെന്നു മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണന കൊടുക്കേണ്ടി വരുമെന്നുമാണ് സിപിഎം നിലപാട്. പാര്‍ട്ടി ചിഹ്നമുള്‍പ്പടെ കിട്ടിയ ജോസ് കെ മാണിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഎം നേതൃത്വത്തിലെ പൊതുവികാരം. എന്‍സിപിയിലെ പ്രശ്നം പരിഹരിക്കാനുള്ള ചില നീക്കങ്ങളും രാജ്യസഭ ജോസിന് തന്നെ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.