തിരുവനന്തപുരം: കുടിശിക വന്ന വാഹനങ്ങളുടെ നികുതി ഒറ്റത്തവണ കൊണ്ട് തീർപ്പാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ സൗകര്യം മാർച്ച് 31 വരെ നീട്ടി. 2016 മാർച്ച് 31 വരെയോ അതിന് മുമ്പുള്ള കാലയളവിലേക്കോ മാത്രം നികുതി അടച്ചവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. 2020 മാർച്ച് 31 വരെ കുറഞ്ഞത് നാല് വർഷം വരെയെങ്കിലും നികുതി കുടിശിക ഉള്ളവർക്ക് മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുകയെന്നാണ് റിപ്പോർട്ട്.
അതേസമയം, 2016 മാർച്ച് 31-ന് ശേഷം റവന്യു റിക്കവറി വഴി മാത്രം നികുതി അടച്ചവർക്കും, 31-3-2016-ന് ശേഷം നികുതിയൊടുക്കാതെ ജി-ഫോം വഴി നികുതി ഇളവ് നേടിയിട്ടുള്ളവർക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്.
നാല് വർഷമോ അതിന് മുകളിൽ എത്ര വർഷത്തെയോ കുടിശികയുണ്ടെങ്കിലും അവസാനത്തെ നാല് വർഷത്തെ മാത്രം നികുതി കുടിശികയുടെ നിശ്ചിത ശതമാനം അടച്ച് നടപടി ഒഴിവാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശികയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ മോട്ടോർ സൈക്കിൾ എന്നിവയ്ക്ക് കുടിശികയുടെ 40 ശതമാനവും അടച്ചാണ് തീർപ്പാക്കേണ്ടത്.
വാഹനം നശിച്ച് പോകുകയോ അല്ലെങ്കിൽ വിൽപ്പനയ്ക്ക് ശേഷം ഉടമസ്ഥാവകാശം മാറാതെ നിങ്ങളുടെ പേരിൽ കിടക്കുകയും എന്നാൽ, ഇതിനെ കുറിച്ച് വിവരം ലഭ്യമാകാതെയും ഉള്ളവർക്കും ഈ പദ്ധതിയുടെ ഭാഗമായി നടപടി ഒഴിവാക്കാം. വാഹനം മോഷണം പോയവർക്കും ഇതുവരെയുള്ള കുടിശിക കുറഞ്ഞ നിരക്കിൽ അടച്ച് ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാൻ സാധിക്കും.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ച് പഴയ വാഹനം ഇപ്പോഴും നിങ്ങളുടെ ഉടമസ്ഥതയിൽ ആണെന്ന് കണ്ടെത്തുകയും നാല് വർഷത്തിലധികം നികുതി കുടിശിക ഉണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താൽ വാഹനത്തിന്റെ രേഖകൾ കൈവശമില്ലെങ്കിലും വെള്ളപേപ്പറിൽ സമർപ്പിക്കുന്ന അപേക്ഷയിലൂടെ നികുതി കുടിശിക തീർപ്പാക്കാൻ സാധിക്കും.
നികുതി കുടിശിക അടച്ച് ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാനാണ് ഈ പദ്ധതി. എന്നാൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇതുവഴി ക്യാൻസൽ ചെയ്യാൻ സാധിക്കില്ല. വാഹനങ്ങളുടെ ഫൈനാൻസ്, ചെക്ക് റിപ്പോർട്ട് സംബന്ധിച്ച ബാധ്യത എന്നിവയിൽ നിന്ന് ഈ പദ്ധതിയിലൂടെ ഒഴിവാകാൻ സാധിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.