വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും

കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ രണ്ട് മേൽപ്പാലങ്ങൾ നാളെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. എറണാകുളം വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. വൈറ്റില പാലം രാവിലെ ഒമ്പതരയ്ക്കും കുണ്ടന്നൂർ മേൽപ്പാലം 11 നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലത്തിലെ അവസാനവട്ട മിനുക്കുപണികൾ ഇന്നത്തോടെ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ജോലിക്കാർ.

അവിടെയും ഇവിടെയുമായി ചില്ലറ നുറുങ്ങുജോലികൾ. പല നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കാരപ്പണികൾ. വൈറ്റില കടന്നവരൊക്കെ കാണാറുള്ള സുന്ദരസ്വപ്നം സഫലമാകാൻ ഇനി ഒരു ദിവസം മാത്രം ബാക്കി.

സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനിലെ കൊടുംകുരുക്കാണ് മേൽപ്പാലങ്ങൾ അഴിച്ചെടുക്കുക. മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 85 കോടി രൂപ. പണി തുടങ്ങിയത് 2017 ഡിസംബർ 11 ന്

കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡഡക്കം 701 മീറ്റർ നീളത്തിലാണ് കുണ്ടന്നൂർ മേൽപ്പാലം. എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത് 2018 മാർച്ചിൽ.

പാലം തുറക്കാൻ വൈകുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം നിലനിൽക്കെ ബാരിക്കേഡുകൾ മാറ്റി വി ഫോർ കേരള പ്രവർത്തകർ പാലത്തിൽ വാഹനങ്ങൾ കയറ്റിയിരുന്നു. തുടർന്ന് പൊലീസ് പാലം കോൺക്രീറ്റ് കട്ടകൾ കൊണ്ട് അടയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പാലം നാളെ നാടിനായി തുറക്കുന്നത്.