പാലാരിവട്ടം അഴിമതി കേസ്; വി കെ ഇബ്രാഹിംകുഞ്ഞിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി അറിയിച്ചു.

എറണാകുളം ജില്ല വിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആരോഗ്യസ്ഥിതി അതീവഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ ആവശ്യം. ഇതിൽ സർക്കാർ എതിർപ്പ് അറിയിച്ചില്ല.

നേരത്തെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി, ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പുതിയ ജാമ്യ ഹർജി നൽകാനാണ് കോടതി നിർദേശിച്ചത്.