പ്രതിപക്ഷം ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷം ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്ക്കരിച്ചു. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടൻ പ്രതിപക്ഷം ഒന്നങ്കടം മുദ്രാവാക്യം വിളികളും പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

തുടർന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് എഴുന്നേറ്റതോടെ ഇത് കൂടുതൽ ശക്തമായി. സ്വർണക്കടത്ത്, അഴിമതി സർക്കാർ രാജിവയ്ക്കൂ, പുറത്ത് പോകൂ എന്ന മുദ്രാവാക്യവും സ്വർണക്കടത്തിൻ്റെയും അഴിമതിയുടെയും മുഖ്യ ആസൂത്രകൻ മുഖ്യമന്ത്രി എന്ന ബാനറും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തോട്
ഭരണഘടനാപരമായ ചുമതല നിർവഹിക്കാൻ തന്നെ അനുവദിക്കണമെന്ന് രണ്ടു തവണ ഗവർണർ ആവശ്യപ്പെട്ടു. 10 മിനിറ്റ് പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം സഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു. പിസിജോർ‌ജും സഭ ബഹിഷ്കരിച്ച് ഇറങ്ങി. എന്നാൽ സഭയിലെ ഏക ബിജെപി സാന്നിധ്യമായ ഒ.രാജഗോപാൽ പുറത്തിറങ്ങിയില്ല. നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

സ്പീക്കര്‍ കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറ‍ഞ്ഞു. സ്വർണക്കടത്ത് അന്വേഷണത്തെ തുടക്കം മുതല്‍ അട്ടിമറിച്ചു. ധൈര്യമുണ്ടെങ്കില്‍ അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. അപക്വമായ നിലപാട്് സ്വീകരിച്ചത് ആരെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.