നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ്

ന്യൂഡെൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.

ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. എംപിമാരിൽ ചിലർ കേരളത്തിൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയർന്നുകേട്ടത്. അടൂർ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നൊക്കെ സൂചനകളുണ്ടായിരുന്നു.

മുതിർന്ന നേതാക്കൾ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയസാധ്യതയുള്ളുവെന്ന വിലയിരുത്തലുകളും വന്നിരുന്നു. അതുകൊണ്ട് എംപിമാർ അവിടങ്ങളിൽ മത്സരിക്കും എന്നായിരുന്നു ഉയർന്നുകേട്ട അഭ്യൂഹം. എന്തായാലും ലോക്സഭയിലും രാജ്യസഭയിലും കോൺ​ഗ്രസിന് അം​ഗസംഖ്യ കുറവായ സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം.