മലയാളിക്ക് വീണ്ടും പ്രതീക്ഷ; കൊക്കോയിലേക്ക് മടങ്ങാം; കൈനിറയെ പണവും

എസ് ശ്രീകണ്ഠൻ

കൊച്ചി: കൊക്കോയ്ക്ക് വീണ്ടും നല്ല കാലം?. ഉത്പന്നത്തിൻ്റെ ഡിമാൻഡ് കുതിച്ചുയരുകയാണ് ദിവസേന. ഒരു കാലത്ത് നിധി പോലെ കാത്തിരുന്ന കൊക്കൊ മരങ്ങൾ വിലയിടിവിനെ തുടർന്ന് പലരും ശപിച്ചു കൊണ്ട് വെട്ടിമാറ്റിയിരുന്നു. ഇപ്പോഴിതാ പ്രത്യാശ നൽകുന്ന വിവരം. അൽപ്പം ചുവടൊന്നു മാറ്റി വച്ചാൽ കൈ നിറയെ പണം നേടാം.

രാജ്യത്തെ ഉത്പാദനത്തിൻ്റെ മൂന്ന് മടങ്ങ് എങ്കിലും ഉത്പന്നത്തിൻ്റെ ആവശ്യം ഇപ്പോഴുണ്ടെന്നാണ് ഇൻ്റർനാഷനൽ കൊക്കോ ഓർഗനൈസേഷൻ്റെ കണക്കുകളിൽ കാണുന്നത്. 2019-20 ലെ ഇന്ത്യയിലെ കൊക്കോ ഉത്പാദനം ഏതാണ്ട് 25,000 ടണ്ണാണ്.

മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര ഉത്പാദനത്തിൽ ഏഴര ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് വിലയിൽ 20 ശതമാനത്തോളം വർധനയും ഉണ്ടായി. നമ്മുടെ വ്യവസായങ്ങൾക്ക് കുറഞ്ഞത് 75,000 sണ്ണെങ്കിലും വേണം സുഗമമായി പ്രവർത്തിക്കാൻ . നിലവിൽ രാജ്യത്തുള്ള ചോക്ളേറ്റ് ഫാക്ടറികളുടെ എണ്ണം വെച്ചാണ് ഈ കണക്ക്‌.

കൊക്കോ ഫാറ്റിനു പകരം വെജിറ്റബിൾ ഫാറ്റ് ഉപയോഗിച്ച് കമ്പനികൾ മുന്നോട്ട് പോവുകയാണ്. ഇതിന് കമ്പനികൾ കൂടുതൽ പണം മുടക്കേണ്ട അവസ്ഥയുണ്ട്. പിന്നെ വ്യവസായികൾ ആശ്രയിക്കുന്നത് ഇറക്കുമതിയേയാണ്.

കൊക്കോയുടെ ആഭ്യന്തര ഉത്പാദനം കൂട്ടാനായാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാവും. ആന്ധ്രാപ്രദേശും കേരളവുമാണ് മുഖ്യ ഉത്പാദന കേന്ദ്രങ്ങൾ‌. കൂടുതൽ ഉത്പാദനക്ഷമതയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കാനും ശ്രമം വേണം. ഐ സിഎആറിൻ്റെ നേതൃത്വത്തിൽ ഈ രംഗത്ത് ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയുന്നു.