തിരുവനന്തപുരം: കെൽട്രോണിന് പിന്നാലെ ഖാദി ബോർഡിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. അൻപതിലധികം പേരെ സ്ഥിരപ്പെടുത്താനാണ് വ്യവസായ വകുപ്പിന്‍റെ നീക്കം. കൃത്യമായി പെൻഷനും ശമ്പളവും നൽകാൻ കഴിയാതെ ചക്രശ്വാസം വലിക്കുമ്പോഴാണ് ഇൻസ്ട്രക്ടർമാർ അടക്കം അൻപതോളം പേരെ സ്ഥിരപ്പെടുത്താൻ ഖാദി ബോർഡും നീക്കം നടത്തുന്നത്.
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോർഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേരുന്നത്. സെക്രട്ടറി കെ എ രതീഷിന്‍റെ ശമ്പളവിഷയവും അജണ്ടയിലുണ്ട്. മുൻ സെക്രട്ടറി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളം മാത്രം 1,75,000 രൂപ വേണമെന്നാണ് രതീഷിന്‍റെ ആവശ്യം.
കശുവണ്ടി അഴമതി കേസിൽ പ്രതിയായ കെ എ രതീഷ് ഖാദി ബോർഡിൽ എത്തിയശേഷം യാതൊരുചട്ടങ്ങളും പാലിക്കാതെ മാസം ഒരുലക്ഷം രൂപയാണ് പിൻവലിക്കുന്നത്. ശമ്പളം ഇരട്ടിയാക്കുന്നതിനെ മന്ത്രി ഇ പി ജയരാജൻ അനുകൂലിക്കുമ്പോഴും ബോർഡ് അംഗങ്ങളിൽ പലർക്കും വിയോജിപ്പുണ്ട്.
രതീഷ് തന്നെ മുൻകൈ എടുത്ത് കൊണ്ടുവരുന്ന പാപ്പിനിശേരി കെട്ടിട സമുച്ഛയം സംബന്ധിച്ച വിവാദങ്ങളും ബോർഡിൽ ഉയർന്നേക്കും. പദ്ധതിക്കായി അൻപത് കോടി വായ്പ അനുവദിക്കാൻ സഹകരണ ബാങ്കുകളോട് നിർദ്ദേശിക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കെ എ രതീഷ് ബോർഡറിയാതെ കത്തയച്ചതും വിവാദമായിരുന്നു.