കാഞ്ഞിരപ്പള്ളി സീറ്റ്; കേരളാ കോൺഗ്രസ് ജോസ് വിഭാഗം അവകാശവാദത്തിനിടെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സിപിഐ ; പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ഇന്ന്

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലിയുള്ള കേരളാ കോൺഗ്രസ് ജോസ് വിഭാഗം അവകാശവാദം ഉൾപ്പെടെ ചർച്ച ചെയാൻ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നൽകുന്നതിനെതിരേ സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധത്തിലാണ്.

ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് ജില്ലാ കമ്മിറ്റി നിലപാട്. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും ഇതേ അഭിപ്രായക്കാരനാണെന്ന് നേരത്തേ സൂചന നൽകിയിരുന്നു. പാലാ സീറ്റിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇന്ന് വിശദമായ ചർച്ച നടക്കും. എൽഡിഎഫിൽ സ്വീകരിക്കേണ്ട നിലപാട് നിർവ്വാഹക സമിതി ചർച്ച ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി ഗതികളും ചർച്ചയാകും. പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച പ്രാരംഭ ചർച്ചകളിലേക്കും സിപിഐ കടക്കുമെന്നാണ് സൂചന.