കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ പിൻവാതിൽ നിയമനത്തിന് തിരിച്ചടി; സിൻഡിക്കേറ്റ് സ്ഥിരപ്പെടുത്തിയ താൽക്കാലിക ജീവനക്കാരുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തികൊണ്ടുള്ള തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതിനകം സ്ഥിരപ്പെടുത്തൽ ഉത്തരവ് നൽകിയിട്ടുള്ളവരെ പൂർവ താൽക്കാലിക തസ്തികകളിലേക്ക് മാറ്റി നിയമിക്കാനും കോടതി നിർദേശിച്ചു.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിന്യായത്തിൻ്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസ്സുമാരായ എ എം ഷഫീക്, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

സർവകലാശാലകളിലെ അനധ്യാപകനിയമനം പി എസ് സിക്ക് വിടുകയും വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അനധ്യാപകതസ്തികകളിൽ നിയമനം നടത്താൻ പി എസ് സിയിൽ മാത്രം നിക്ഷിപ്‌തമാവുകയും ചെയ്തു. വിശേഷാൽ ചട്ടങ്ങൾ പ്രകാരം യോഗ്യതയില്ലാത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 2020 ഡിസംബർ 30 നാണ് കാലിക്കറ്റ് സർവകലാശാല തീരുമാനിച്ച് ഉത്തരവ് ഇറക്കിയത്. ആ തീരുമാനവും ഉത്തവരുമാണ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. സ്ഥിരപ്പെടുത്തിയ ജീവനക്കാർ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി.

സിംഗിൾബെഞ്ച് സ്ഥിരപ്പെടുത്തൽ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഹർജിക്കാരായ ഉദ്യോഗാർഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം ഹാജരായി.

കാലിക്കട്ട് സർവ്വകലാശാലയിൽ പത്തുവർഷക്കാലം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലി ചെയ്തിരുന്നവരെയാണ് സിൻഡിക്കേറ്റ് ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്തിയത്.

പിൻവാതിൽ നിയമനം നേടിയവരുടെ കൂട്ടത്തിൽ വൈസ് ചാൻസലറുടെ ഡ്രൈവർ കൂടി ഉള്ളതുകൊണ്ട് ചട്ടവിരുദ്ധമായ സ്ഥിരപ്പെടുത്തൽ വൈസ് ചാൻസിലർ അംഗീകരിക്കുകയായിരുവെന്ന് ആക്ഷേപമുയർന്നിരുന്നു.

ഡ്രൈവർ,പമ്പ് ഓപ്പറേറ്റർ,പ്ലമ്പർ, സെക്യൂരിറ്റി ഗാർഡ് , ഗാർഡണർ, റൂംബോയ്,പ്രോഗ്രാമർ ഇലക്ട്രിഷ്യൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കാണ് സ്ഥിരനിയമനം നൽകിയത്. ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പർ ന്യൂമററിതസ്തിക സൃഷ്ടിച്ചു് നിയമിക്കാനും തീരുമാനിച്ചിരുന്നു. കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വരും സിൻഡിക്കേറ്റ് യോഗങ്ങളിൽ പരിഗണിക്കാനായിരുന്നു നീക്കമെങ്കിലും കോടതിയുടെ സ്റ്റേ ഇതിന് തിരിച്ചടിയായി.

സർവകലാശാലകളിലെ അനധ്യാപക ഒഴിവുകൾ പിഎസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാതെയാണ് ദിവസവേതനക്കാരായ താൽക്കാലിക ജീവനക്കാരെ സർവകലാശാലകളിൽ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന നടപടി അതിവേഗം തുടങ്ങിയത്. ഹൈക്കോടതി വിധിയോടെ ഇതിന് തടസമായി. പിഎസ് സിയെ ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നടത്താൻ പിഎസ് സിയ്ക്ക് മാത്രമേ അധികാരമു ള്ളൂവെന്നിരിക്കെയാണ് സർവകലാശാലകൾ പത്തുവർഷം ദിവസവേതനത്തിൽ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയത്.

കാലിക്കറ്റ് സർവകലാശാല താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ അഭിപ്രായപ്പെട്ടു.