കൊല്ലം: കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുക്കും. കുട്ടിയെ ഉപേക്ഷിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിൽ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത രീതിയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ടുദിവസം പ്രായമുള്ള മൂന്ന് കിലോ തൂക്കമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കരച്ചിൽ കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന്
പോലീസ് കുട്ടിയെ ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എസ് എ ടി യിലേയ്ക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് കുട്ടി മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അണുബാധയേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.