കളളപ്പണം വെളുപ്പിച്ച കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11 ലേക്ക് മാറ്റി

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്‌സ്‌മെ‌ന്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമര്‍പ്പിച്ച ഹര്‍ജിയിൽ എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി

കളളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. ഏറെ മാസങ്ങളായി കസ്റ്റഡിയിൽ കഴിയുമ്പോൾ ഒരു പ്രതി നൽകിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉളളതെന്നും ശിവശങ്കർ വാദിക്കുന്നു.

ഇത് വിശ്വസിക്കാനാവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. താൻ ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹർജിയിൽ പ്രതിപാദിക്കുന്നു.
നേരത്തെ, സ്വര്‍ണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യഹർജി ഹൈക്കോടതി വിധിപറയാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കര്‍ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

ഇതിനിടെ, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കറിന്‍റെ ജാമ്യപേക്ഷ നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളിയിരുന്നു.