സംസ്ഥാനത്ത് മദ്യവില ഏഴ് ശതമാനം വർധിപ്പിക്കണമെന്ന് ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്‌കോ. മദ്യകമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്‌കോയുടെ ശുപാർശ. ഇത് സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകി. മദ്യത്തിന്റെ അടിസ്ഥാന വിലയുടെ ഏഴ് ശതമാനം വർധന വേണമെന്നാണ് ബെവ്‌കോയുടെ നിർദേശം.

കഴിഞ്ഞ ദിവസം ചേർന്ന ബെവ്‌കോ ഡയറക്ടർ ബോർഡ് യോഗമാണ് വിതരണക്കാരിൽ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയിൽ 7 ശതമാനം വർദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാൽ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്.

ആനുപാതിക നികുതി വർദ്ധന കണക്കിലെടുക്കുമ്പോൾ ലിറ്ററിന് കുറഞ്ഞത് 100 രൂയുടെ വർദ്ധന ഉണ്ടാകും. ഇതും ഉപഭാക്താവ് വഹിക്കേണ്ടി വരും.ബെവ്‌കോയുടെ തീരുമാനം സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് സൂചന.

ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വർദ്ധന ഉറപ്പായി.മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നത്.

സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോക്ക് മദ്യം ലഭിക്കുന്നത്. എന്നാൽ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. വിതരണക്കാരുടെ തുടർച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തിൽ പോയവർഷം രണ്ട് തവണ ടെണ്ടർ പുതുക്കാൻ നടപടി തുടങ്ങിയെങ്കിലും കൊറോണ കണക്കിലെടുത്ത് നീട്ടിവെയ്ക്കുകയായിരുന്നു.