ബാർക്കോഴ; മുൻ മന്ത്രിമാർക്കെതിരെ അന്വേഷണ അനുമതി തേടിയുള്ള ഫയൽ ഗവർണർ തിരിച്ചയച്ചു

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാരായ വിഎസ്ശിവകുമാർ, കെബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിലേക്ക് തിരിച്ചയച്ചു. നേരത്തേ, ഗവർണർ വിജിലൻസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു.

വിജിലൻസ് ഡയറക്ടർ അവധിയിലായിരുന്നതിനാൽ ഐജി എച്ച് വെങ്കടേശ് രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും, സർക്കാർ സമർപ്പിച്ച ഫയലിൽ വിവരങ്ങളും രേഖകളും കുറവാണെന്ന് ഗവർണർ വിലയിരുത്തി. ഇപ്പോഴത്തെ രേഖകൾ വച്ച് തീരുമാനമെടുക്കാനാകില്ലെന്ന് രാജ്ഭവൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

മുൻമന്ത്രിമാരായതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്. ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും, ആരോപണം ഉന്നയിച്ച സമയത്ത് ചെന്നിത്തല നിയമസഭാംഗമായിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയെന്ന നിയമോപദേശമാണ് ലഭിച്ചത്. തുടർന്ന് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാർ ഉടമകൾ പിരിച്ച ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്ന ബിജുരമേശിന്റെ ആരോപണത്തെത്തുടർന്നാണ് പുതിയ കേസുകളെടുക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.