നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ തീരുമാനിച്ചു. അഡ്വ വി എൻ അനിൽകുമാർ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറങ്ങുക. അഡ്വ എ സുരേശൻ രാജിവച്ചതിനെ തുടർന്നാണ് നടപടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശൻ രാജിവെച്ചത്.

പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെളളിയാഴ്‌ച കോടതിക്ക് കൈമാറും. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന സർക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തളളിയിരുന്നു.

കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്.എന്നാൽ കോടതി മാറ്റം പ്രായോഗികമല്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.