തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്ത് നീണ്ടൂരും കുട്ടനാടുമാണ് എച്ച് 5 എൻ-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ദ്രുതകർമസേനയെ വിന്യസിക്കും. കൺട്രോൾ റൂം പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെയിലെ ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു. രോഗവിവരത്തെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് തന്നെ സർക്കാരിന് വിവരം ലഭിച്ചു.
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതു വരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാന് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തിട്ടുണ്ട്.
കൊറോണ, ഷിഗെല്ല രോഗഭീതി നിലനിൽക്കുന്നതിനിടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ച മേഖലകളിലെ ഒരുകിലോമീറ്റർ പരിധിയിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒരു മേഖലയിൽ മാത്രം അൻപതിനായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളിൽ കളക്ടർ മാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാകും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. രോഗവ്യാപനം നടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു.
ദേശാടനപക്ഷികളിൽ നിന്നാവാം രോഗബാധയുണ്ടായതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സ്വീകരിച്ച അതേനടപടികളാണ് ഇത്തവണയും അധികൃതർ ആലോചിക്കുന്നത്.