നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം; സർക്കാർ പിന്തുണയോടെ ഭൂമി കൈമാറാൻ ബോബി ചെമ്മണ്ണൂർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ സഹായം തേടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂര്‍ തീരുമാനിച്ചിട്ടുള്ളത്.

വസന്തയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ഭൂമി രാജന്റെ മക്കൾ വേണ്ടെന്ന് പറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ അടുത്ത നടപടിക്കൊരുങ്ങുന്നത്. ഭൂമി വാങ്ങി നൽകേണ്ടത് സർക്കാരാണെന്ന് കുട്ടികൾ നിലപാട് എടുത്തതിനാൽ സർക്കാരിന്റെ കൂടി പിന്തുണയോടെ ഭൂമി കൈമാറാനാണ് ബോബിയുടെ നീക്കം. മുഖ്യമന്ത്രിയെ നേരിട്ട് കാണാനായി തിരുവനന്തപുരത്ത് തുടരുകയാണ് ബോബി. ബോബിയുടെ പുതിയ നീക്കത്തോട് അനുകല നിലപാടാണ് കുട്ടികൾക്കും.

ഇന്നലെയാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ 3.5 സെന്റ് ഭൂമി ബോബി ചെമ്മണൂർ വസന്തയിൽ നിന്നും വാങ്ങിയത്. കരാർ രേഖകളുമായി രാജന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾ സഹായം നിരസിച്ചത്. വസന്തയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലെന്നും വ്യാജരേഖകളാണ് വസന്തയുടെ കൈവശമുളളതെന്നുമാണ് രാജന്റെ മക്കളുടെ നിലപാട്.

അതേ സമയം വസന്തക്ക് ഭൂമി വിൽക്കാൻ അവകാശമുണ്ടെന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്. വസന്തയിൽ നിന്നും ബോബി ഭൂമി വാങ്ങിയതിൽ റവന്യുവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരണത്തിനില്ലെന്നാണ് കലക്ടർ പറയുന്നത്. തർക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് നെയ്യാറ്റിൻകര തഹസിൽദാറുടെ അന്വേഷണം തീരട്ടെ എന്നാണ് സർക്കാർ നിലപാട്. ബോബിയുടെ ആവശ്യത്തിൽ സർക്കാർ ഇനി എന്ത് നിലപാടെടുക്കും എന്നതും പ്രധാനമാണ്.