അഞ്ചുവയസ്സുകാരന് മോട്ടോര്‍സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം; പിതാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: അഞ്ചുവയസ്സുകാരന് മോട്ടോര്‍സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള നാഷനല്‍ ഹൈവേയില്‍ കാപ്പ് എന്ന സ്ഥലത്തുനിന്നും ചേലക്കാട് എന്ന സ്ഥലത്തേക്കാണ് യാത്ര ചെയ്തത്.

ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സഹിതം നല്‍കിയ പരാതിയെ തുടര്‍ന്നാണ്​ നടപടി.തേലക്കാട് സ്വദേശി അബ്​ദുല്‍ മജീദി​ന്റെ​ ഡ്രൈവിങ്​ ലൈസന്‍സാണ്​ ഒരു വര്‍ഷത്തേക്ക് പെരിന്തല്‍മണ്ണ ജോയന്‍റ് ആര്‍ടിഒ സിയു മുജീബ് സസ്​പെന്‍ഡ്​ ചെയ്​തത്​.

പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന്​ കിട്ടിയ പരാതിയില്‍ ജോയന്‍റ്​ ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം വീഡിയോ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയാണ് നടപടി.
വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്​ദുല്‍ മജീദാണെന്നും ഉപയോഗിച്ച വാഹനം ബുള്ളറ്റാണെന്നും കണ്ടെത്തി.

ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശുപാര്‍ശ സമര്‍പ്പിച്ചു. ഇതുപ്രകാരം അബ്​ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടെ ഉണ്ടായിരുന്നത് മകനാണെന്ന്​ സമ്മതിച്ചതിനെ തുടര്‍ന്ന്​ ലൈസന്‍സ്​ റദ്ദാക്കുകയായിരുന്നു.