കൊല്ലം: കിണറുപണിയ്ക്ക് കൊണ്ടുപോയ ദളിത് തൊഴിലാളികളെ തന്നോടൊപ്പം ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് കോണ്ട്രാക്ടര്. സുധര്‍മ്മന്‍, സുഭാഷ്, ബാബു എന്നീ തൊഴിലാളികളെയാണ് കോണ്ട്രാക്ടര് അതിക്രൂരമായി മര്‍ദ്ദിച്ചത്. കര്‍ണാടകയില്‍ വെച്ച് മര്‍ദ്ദനമേറ്റ തൊഴിലാളികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് ഇവര്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഉദയനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്താണ് ദാരുണ സംഭവം നടന്നത്. കര്‍ണാടകയില്‍ കിണറുപണി കരാര്‍ ഏറ്റെടുത്ത ഉദയന്‍ എന്ന കോണ്ട്രാക്ടര് തങ്ങളെ ജാതിപ്പേരുവിളിച്ച് മര്‍ദ്ദിച്ചതായാണ് തൊഴിലാളികളുടെ പരാതി.ജോലി കഴിഞ്ഞ് വന്ന തൊഴിലാളികള്‍ ഉദയന്‍ ഇരുന്ന അതേ ബെഞ്ചില്‍ ഭക്ഷണം കഴിക്കാനിരുന്നതിനെത്തുടര്ന്നാണ് വാക്കേറ്റം ആരംഭിക്കുന്നത്.
എന്റെയൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നോ എന്ന് ആക്രോശിച്ചുകൊണ്ട് ഉദയന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. മുഷ്ടി ചുരുട്ടി ഉദയന്‍ മൂക്കിലിടിച്ചെന്നും തങ്ങള്‍ ചോരവാര്ന്നുവീണെന്നും തൊഴിലാളികള്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളുടെ മൊബൈല്‍ഫോണും ബാഗും വസ്ത്രങ്ങളും ഉദയന്‍ പിടിച്ചുവെച്ചതായും തൊഴിലാളികള്‍ പരാതിപ്പെട്ടു.