കോട്ടയം: കൊച്ചി മേയറായി ചുമതലയേറ്റ അഡ്വ എം അനിൽകുമാർ മഹാത്മാഗാന്ധി സർവകലാശാലയിൽ ബജറ്റ് അവതരിപ്പിച്ച് കൈയടി നേടി.ഒപ്പം വ്യത്യസ്തമായ സ്വീകരണവും ഏറ്റുവാങ്ങി. ഇന്ന് രാവിലെ വൈസ്ചാൻസലർ പ്രൊഫ സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റ് യോഗത്തിലാണ് സിൻഡിക്കേറ്റ് സാമ്പത്തികാര്യ ഉപസമിതി കൺവീനറും കൊച്ചി മേയറുമായ അഡ്വ എം അനിൽകുമാർ ബജറ്റ് അവതരിപ്പിച്ചത്.
654.13 കോടി രൂപ വരവും 709.68 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അനിൽകുമാർ അവതരിപ്പിച്ചത്. സിൻഡിക്കേറ്റ് യോഗം ബജറ്റ് പാസാക്കി.
അക്കാദമിക നേട്ടങ്ങളും ഗവേഷണ ഫലങ്ങളും നാടിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നും ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സർവകലാശാലകളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തണമെന്നും അനിൽകുമാർ പറഞ്ഞു.
വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം അഡ്വ പി. ഷാനവാസ്, സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ പ്രൊഫ ബി പ്രകാശ് കുമാർ, ഫിനാൻസ് ഓഫീസർ ബിജു മാത്യു എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.