കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി നിയമസഭ; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു. എന്നാൽ പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.

പ്രധാനമന്ത്രിക്കെതിരെ വിമർശനം വേണമെന്ന ഭേദഗതി കോൺഗ്രസിൽ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. പിന്നാലെ യുഡിഎഫ് – എൽഡിഎഫ് എംൽഎമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിർത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കർ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് പറയണമെന്ന് കെസി ജോസഫ് ആവശ്യപ്പെട്ടെങ്കിലും പ്രമേയത്തിൽ പലഭാഗത്തായി കേന്ദ്രസർക്കാരിനെ വിമർശിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ പ്രത്യേകമായി വിമർശിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര നിയമത്തിന് ബദലായി കേരളത്തിൽ നിയമം കൊണ്ടു വരുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രമേയം പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനുവരി എട്ടിനാണ് അടുത്ത സമ്മേളനം.