തലസ്ഥാനത്ത് ക്ഷേത്രങ്ങൾക്ക് സമീപവാർഡുകളിൽ ബിജെപി സ്വാധീനം ശക്തമാകുന്നു; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബിജെപി സ്വാധീനം ശക്തമാക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തീരദേശ വാർഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്റെ സ്വാധീനത്തിൽ ഇടിവുണ്ടായിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ചെറിയ പാകപ്പിഴകളും കണക്കുകൂട്ടലിലെ പിഴവുമില്ലായിരുന്നുവെങ്കിൽ അറുപതിലേറെ സീറ്റുകൾ എൽഡിഎഫിന് ലഭിച്ചേനെയെന്നും സിപിഎം വിലയിരുത്തി. ക്ഷേത്ര ഭാരവാഹികളെയടക്കം ബിജെപി സ്ഥാനാർത്ഥികളാക്കി.

ഭക്തരെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നു, വിശ്വാസികളായ വനിതകളെ മാത്രമുൾക്കൊള്ളിച്ചുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു തുടങ്ങിയവയാണ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ഉപായമായി ബിജെപി പ്രയോഗിക്കുന്നതെന്നാണ് പാർട്ടി നിരീക്ഷിക്കുന്നത്. ബിജെപി ജില്ലയിലാകെ വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ട് പിടിച്ചത്. ജാതി അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം ഏറെയും. നായർ വിഭാഗത്തിന്റെ വോട്ടുകളിലേറിയ പങ്കും ബിജെപിക്ക് നഗരമേഖലയിൽ അനുകൂലമായി.

എന്നാൽ,വർക്കല നഗരസഭയിലും ചിറയിൻകീഴ് താലൂക്കിലെ ചില പ്രദേശങ്ങളിലുമടക്കം ബിജെപി മന്നേറ്റമുണ്ടാക്കിയത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുബാങ്കായ ഈഴവ വിഭാഗത്തിൽ നിന്നുണ്ടായ ചോർച്ച കൊണ്ടാണ്. കോർപ്പറേഷനിൽ സ്ഥാനാർത്ഥി നിർണയത്തിൽ ശക്തിയായി ഇടപെട്ട് തിരുത്തലുകൾ വരുത്തിയിട്ടും അനർഹരായ ചിലർ കടന്നുകൂടിയെന്നും ആ വാർഡുകളിൽ തിരിച്ചടിയുണ്ടായെന്നുമാണ് വിലയിരുത്തൽ