നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വസന്തയെ കസ്റ്റഡിയില്‍ എടുത്തതെന്ന് ഡിവൈഎസ്പി പറഞ്ഞു. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പറയാനാകില്ല. തുടര്‍നടപടികള്‍ സംബന്ധിച്ച് നിയമപരമായി ആലോചിക്കും. കുറ്റം ചെയ്യാതെ തന്നെ അറസ്റ്റ് ചെയ്തതിന് ദൈവം ചോദിക്കുമെന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോകുന്നതിനിടെ വസന്ത പറഞ്ഞു.

ഹൈക്കോടതി വിധി വരാൻ പോലും കാത്തുനിൽക്കാതെ വീടൊഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടൽ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജൻ – അമ്പിളി ദമ്പതികളുടെ മക്കൾ ആരോപിച്ചിരുന്നു.

കുട്ടികളെ സന്ദർശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. മന്ത്രി വന്നു പോയിക്കഴിഞ്ഞ പിന്നാലെയാണ് പൊലീസ് എത്തി വസന്തയെ കസ്റ്റഡിയിലെടുത്തത്.