സഭകൾ തമ്മിലുള്ളത് ആഴത്തിലുള്ള തര്‍ക്കം; ശ്രമിക്കുന്നത് സമന്വയത്തിനെന്ന് പിഎസ് ശ്രീധരൻ പിള്ള

ന്യൂഡെൽഹി: ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നം ആണെന്ന് പിഎസ് ശ്രീധരൻ പിള്ള. പ്രശ്ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണം. സുപ്രീം കോടതി വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. സഭകളുമായി ഉള്ളത് നല്ല ബന്ധമാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

ഓര്‍ത്തഡോക്സ് യാക്കോബായ സഭാ പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സഭാ തര്‍ക്കത്തിലെ നിലപാടുകൾ ഇരു സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചർച്ചയുടെ വിശദാംശങ്ങൾ സഭയിൽ ചർച്ച ചെയ്ത് സമന്വയത്തിന് ശ്രമിക്കുന്നമെന്ന് പ്രതീക്ഷയെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

ഗവര്‍ണറെന്ന നിലയിൽ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാ പ്രതിനിധികൾക്ക് ചര്‍ച്ചക്ക് ഉള്ള സൗകര്യം ഒരുക്കിയതെന്നും പിഎസ് ശ്രീധരൻ പിള്ള വിശദീകരിച്ചു. സഭാ പ്രതിനിധികൾ കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ചര്‍ച്ചക്ക് സാഹചര്യം ഒരുങ്ങിയത്.

കേരളത്തിൽ വിവേചനം അനുഭവിക്കുന്നു എന്നായിരുന്നു സഭാ പ്രതിധികളുടെ പരാതി. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള നടപടിയുമായി മുന്നോട്ട് പോയത്. ജനുവരി രണ്ടാം വാരത്തിൽ പള്ളി തര്‍ക്കവുമായി ബന്ധമില്ലാത്ത സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ട്.