തിരുവനന്തപുരം: ഉത്തരക്കടലസ് ചോർന്നതിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്റെ പ്രൊഫസർ നിയമനം വിവാദമായതോടെ നിയമ ഉപദേശം തേടിയിട്ട് നിയമനം മതിയെന്ന് കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സെലക്ഷൻ കമ്മിറ്റി ശുപാർശ അംഗീകരിക്കുന്നതിന് മുൻപ് ഇതിന്മേൽ നിയമ ഉപദേശം തേടാൻ ഇന്ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയാണെന്ന് സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയ അധ്യാപനായ അബ്ദുൾ ലത്തീഫിനെ അറബിക് പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ് വിവാദമായതോടെ പൊളിഞ്ഞത്. ഉത്തരക്കടലാസ് പിടിച്ചെടുത്തതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ച അബ്ദുൾ ലത്തീഫിനെ പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്തിരുന്നു.
ശിക്ഷണ നടപടിയുടെ ഭാഗമായി കോളേജിൽനിന്ന് സ്ഥലം മാറ്റവും നൽകിയിരുന്നു. ഇതിനിടെയാണ് തിരക്കിട്ട് അബ്ദുൾ ലത്തീഫിനെ അറബിക് പ്രൊഫസറായി നിയമിക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ വന്നത്. യൂണിവേഴ്സിറ്റി കോളേജിലെ അറബിക് അധ്യാപകനായിരുന്ന അബ്ദുൽ ലത്തീഫിനെ കൂടുതൽ യോഗ്യരായ മറ്റ് അപേക്ഷകരെ ഒഴിവാക്കി റാങ്ക് ചെയ്തതായും ആക്ഷേപമുണ്ടായിരുന്നു.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാത്തതിന് വിവരാവകാശ കമ്മിഷണർ ഇദ്ദേഹത്തിൽ മൂവായിരം രൂപ പിഴ ഈടാക്കിയിരുന്നു. വഴിവിട്ടനിയമനം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് ചോർത്തുന്നതിനും പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനും സഹായിച്ചതിന്റെ പേരിൽ സർവകലാശാലയുടെയും സർക്കാരിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസ്സാറായി നിയമനം നൽകുന്നത് നീതിയുക്തമല്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.