വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ അവിടെയെത്തിയാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യുക. രാവിലെയും വൈകീട്ടുമായാണ് ചോദ്യം ചെയ്യൽ.
.
ചികിത്സയിൽ കഴിയുന്നതിനാൽ രാവിലെയും വൈകീട്ടും മൂന്ന് മണിക്കൂർ വീതം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് അനുമതിയുള്ളത്. സംഭവത്തിൽ വിജിലൻസ് നേരത്തെയും ആശുപത്രിയിൽ എത്തി ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കേസിൽ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം നടത്തുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് ഇബ്രാഹി കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് വിജിലൻസ് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമുണ്ടാകും. ഹൈക്കോടതിയെ തന്നെ സമീപിക്കുന്നതിനാണ് സാധ്യത. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആരോഗ്യ സ്ഥിതി മെച്ചമായാല്‍ ഇബ്രാഹിം കുഞ്ഞിനെ ജയിലിലേക്ക് മാറ്റാന്‍ ജാമ്യഹര്‍ജി തള്ളികൊണ്ട് ഹെക്കോടതിയും ഉത്തരവിട്ടിരുന്നു