‘പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം’; മുഖ്യമന്ത്രിയോട് രാജന്റെ മക്കളുടെ അപേക്ഷ

തിരുവനന്തപുരം : പിതാവിന്റെ മരണത്തിനിടയാക്കിയ പോലീസുകാരനെതിരേയും അയൽവാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ.

കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കുമുന്നിൽ വെച്ച് തീകൊളുത്തിയ രാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കൽ തടയാനാണ് രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. 70%ത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു.

“പപ്പയെ ഞങ്ങൾ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാൻ, പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക മനശ്ശാന്തി കിട്ടൂ”, മകൻ രഞ്ജിത്ത് പറഞ്ഞു

“പോലീസുകാർ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക ഭക്ഷണം നൽകുമായിരുന്നു”. അവർക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകൻ രാഹുൽ പറഞ്ഞു. പൊള്ളലേറ്റ അമ്മ അമ്പിളിയുടെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്.