തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാർ നടപടി ക്രമങ്ങൾ പാലിച്ചതിനാലാണ് അനുമതി നൽകുന്നതെന്ന് രാജ്ഭവൻ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണ് നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നത്. ഈ മാസം 31ന് നിയമസഭ സമ്മേളനം നടത്തും.
നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല. പിന്നീട് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ എന്നിവർ കഴിഞ്ഞദിവസം രാജ് ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നൽകി.
31 ന് രാവിലെ 9 മുതൽ 10 വരെ ഒരുമണിക്കൂർ ചേരുന്നനിയമസഭ കാർഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷവും സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ജനുവരി 8 വീണ്ടും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ ചേരും.