തിരുവനന്തപുരം: സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശി രാജനാണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു.
ഈ മാസം 22നാണ് സംഭവം. സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ രാജനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
ഒരു വര്‍ഷം മുമ്പ് അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന് കയ്യേറിയതിനെതിരെ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ രാജന് ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന് തടസപ്പെടുത്തി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.
75 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യ അമ്പിളിയുടെ പൊളളല്‍ ഗുരുതരമല്ല. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എഎസ്ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.