കേരള പര്യടനത്തിനിടെ മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി

മലപ്പുറം: മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി. സഭാ തര്‍ക്കത്തിലും സംവരണത്തിലും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍നിന്നും വ്യക്തമായ മറുപടികള്‍ ലഭിച്ചില്ലെന്നും മറുപടിയില്‍ വ്യസനമുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രി അപമാനിച്ചെന്ന് താന്‍ പറയുന്നില്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനം സെക്രട്ടറി ഫാ തോമസ് കുര്യന്‍ താഴെയില്‍ പറഞ്ഞു.

കേരള പര്യടനത്തിനിടെ മലപ്പുറത്തു വെച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം, പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അപമാനിച്ചതായി തോന്നിയോ എന്ന ചോദ്യത്തിന്, അങ്ങനെ പറയുന്നില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രണ്ട് കാര്യങ്ങളാണ് ഞാന്‍ സംവാദത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന് ഫാ തോമസ് കുര്യന്‍ താഴെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്‌നവും. ഇതില്‍ രണ്ടിലും അദ്ദേഹം നല്‍കിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ശൈലി അങ്ങനെ ആയതുകൊണ്ടാകാം.മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനം ആണ്.

വികസന കാര്യങ്ങളിലും മറ്റും അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുന്നു. പക്ഷേ ഞാന്‍ ഒരു സഭയില്‍ വച്ച് ചോദിച്ച കാര്യങ്ങളോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന് ശേഷം ഹാളിന് പുറത്തുവെച്ച് ഫാദര്‍ തോമസ് കുര്യന്‍ പ്രതിഷേധം അറിയിക്കവെ, സംഘാടകര്‍ ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മുഖ്യമന്ത്രി അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നാണ് സംഘാടകരുടെ വാദം. തെരഞ്ഞെടുക്കപ്പെട്ട 20 പേരായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.