ന്യൂഡെൽഹി: മലങ്കരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുന്നത് സംബന്ധിച്ച് ഓർത്തഡോക്സ് പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
“സഭാ തർക്കം ഒരു സാമൂഹ്യപ്രശ്നമായി വളരുന്നതിലുള്ള പ്രയാസം മനസ്സിലാക്കി പ്രധാനമന്ത്രി ഞങ്ങളെ വിളിക്കുകയായിരുന്നു. ഈ നാടിന്റെ പ്രധാനമന്ത്രി ഇതുപോലെ ഒരു ആവശ്യം ഞങ്ങൾക്ക് മുന്നിൽ ഉന്നയിക്കുമ്പോൾ അതിനോട് പ്രതികരിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.” ഓർത്തഡോക്സ് സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ട ശേഷം പ്രതികരിച്ചു.
തങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ പ്രധാനമന്ത്രി ഇക്കാര്യം പറയുമെന്നാണ് തങ്ങളുടെ ചിന്ത. കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജൂഡീഷ്യറിയുടെ തീരുമാനത്തിന് വിധേയത്വം പുലർത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അതിൽ നിന്ന് മാറി നിന്ന് വേറെ വഴികൾ അന്വേഷിക്കുന്നത് തെറ്റായ കാര്യമാണെന്നും പ്രതിനിധകൾ പറഞ്ഞു.
മിസോറം ഗവർണർ പിഎസ് ശ്രീധരൻപിള്ളയും സഭാ പ്രതിനിധികളുടെ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു. നാളെ യാക്കോബായ പ്രതിനിധികൾക്കും ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാർക്കും പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്.
ഓർത്തഡോക്സ് സഭയെ പ്രതിനിധാനംചെയ്ത് സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണു പ്രധാനമന്ത്രിയെ കണ്ടത്.