തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ടിന് സൗകര്യം. കൊറോണ രോഗബാധിതർക്ക് തപാൽ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. കൊറോണ പശ്ചാത്തലത്തിൽ രണ്ട് ഘട്ട തെരഞ്ഞെടുപ്പാണ് ആലോചിക്കുന്നത്.
വിവിധ രാഷ്ട്രീയപ്പാർട്ടികളുമായും ചർച്ചകൾ നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശഷിക്കാർക്കും തപാൽ വോട്ട് എന്നത് നിർബന്ധമാക്കില്ല. അപേക്ഷ നൽകിയാൽ തപാൽ വോട്ട് അനുവദിക്കും. അല്ലെങ്കിൽ സാധാരണപോലെ പോളിങ് സ്റ്റേഷനിലെത്തി വോട്ടുചെയ്യാം. തദ്ദേശ തെരഞ്ഞെടുപ്പിന് അനുവദിച്ചപോലെ ബാലറ്റ് വീട്ടിലെത്തിക്കില്ല.
സർവീസ് വോട്ടുകൾ പോലെ, അപേക്ഷ നൽകുന്നവർക്ക് തപാൽ വഴി ബാലറ്റ് ലഭ്യമാക്കും. തിരികെ തപാൽ മാർഗംതന്നെ വരണാധികാരിക്ക് ബാലറ്റ് ലഭ്യമാക്കുകയും വേണം. 80 കഴിഞ്ഞവരെയും ഭിന്നശേഷിക്കാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തും.
നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഒന്നര ലക്ഷത്തോളം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിവിധ ജില്ലകളിൽ എത്തിക്കഴിഞ്ഞു. ഇവയുടെ ആദ്യഘട്ട പരിശോധന കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടക്കും.
രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനകൾ പൂർത്തിയാക്കി യന്ത്രങ്ങൾ ഗോഡൗണുകളിലേക്ക് മാറ്റും. കൊറോണ പശ്ചാത്തലത്തിൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വർധനയുണ്ടാകും. നേരത്തേ ഒരു പോളിങ് സ്റ്റേഷനിൽ 1400 വോട്ടർമാരായിരുന്നുവെങ്കിൽ ഇത്തവണയിത് 1000 ആയി കുറയും.